തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനോ പ്രവര്‍ത്തകര്‍ക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തോട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി.
ഇത്തരക്കാരുടെ പേരുകള്‍ ചര്‍ച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എം ലിജുവിന്റെ പേര് സജീവ പരിഗണനയിലാണെന്ന് കെ സുധാകരന് പരസ്യമാക്കിയത് ഈ സ്ഥാനാര്‍ത്ഥികളെ തടയാനാണെന്നും സൂചനയുണ്ട്.
എഐസിസി സെക്രട്ടറി ശ്രീനിവാസന് കൃഷ്ണനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് എത്തിക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കെ സുധാകരന് തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ യുവാക്കള്‍ എന്നതിനപ്പുറം യുവത്വവും പരിചയ സമ്ബന്നതയും ഒത്തു ചേര്‍ന്ന വ്യക്തികളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. ന്യൂനപക്ഷ വിഭാഗത്തിന് അവസരം നല്‍കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത്തരത്തിലുള്ല പരിഗണനകള്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം അഭിപ്രായപ്പെടുന്നത്.അതേസമയം തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും തോറ്റവര്‍ അതാത് മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നും എം ലിജുവിനെതിരെ കെ മുരളീധരന് സോണിയാ ഗാന്ധിക്ക് കത്ത് നല്കി.