കാട്ടാക്കട : മാലിന്യസംസ്കരണത്തിനു നാടിനു മികച്ച മാതൃകയാകുകയാണ് പൂവച്ചൽ പഞ്ചായത്ത്. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ‘നവകേരളം 2021’ പുരസ്കാരം പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിനാണ് ലഭിച്ചത്.
രണ്ട് വില്ലേജുകളിലായി 43610 ത്തോളം ജനസംഖ്യയും, 14000 ത്തിലേറെ വീടുകളും ഉള്ള വലിയ പഞ്ചായത്തായിട്ടും മാലിന്യസംസ്കരണത്തിൽ മികച്ച സംവിധാനമാണ് പഞ്ചായത്ത് സാധ്യമാക്കിയിരിക്കുന്നത്. ‘മാലിന്യമുക്ത ഗ്രാമം’ എന്ന മുദ്രാവാക്യവുമായി നടത്തിയ ജനകീയ ജാഗ്രതാ യജ്ഞം എന്ന പരിപാടിയാണ് ഈ മികവ് നേടാൻ പഞ്ചായത്തിനെ അർഹമാക്കിയത്.
എല്ലാ വാർഡുകളിലും മിനി എം.സി.എഫ്. ഒരുക്കിയും, ഹരിതകർമസേന വഴിയും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ വേർതിരിച്ച്
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും അജൈവമാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്തിലെ പട്ടകുളത്ത് ഖരമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നു.