കണ്ണൂര്‍: ലോക്ഡൗണ്‍ ലംഘിച്ചതിനു കണ്ണൂര്‍ മുന്‍ എസ്.പി യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീച്ചത് തെറ്റായെന്നും ജില്ല പൊലീസ് മേധാവിയുടെ വീഴ്ച പൊറുക്കണമെന്നും പൊലീസ് റിപ്പോര്‍ട്ട്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത മനുഷ്യാവകാശ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വീഴ്ച കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി സമ്മതിച്ചത്. ലോക്ഡൗണ്‍ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രോഗവ്യാപന വര്‍ധന സാധ്യതയുള്ളതിനാല്‍, സദുദ്ദേശ്യത്തോടെ ചെയ്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടിയാണ് ഡി.ഐ.ജി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2020 മാര്‍ച്ച് 22ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്നത്തെ കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര വളപട്ടണത്തെ തയ്യല്‍ക്കടക്കുസമീപം നിന്നവരെ ഏത്തമിടീച്ചത്.
കൂട്ടംകൂടി നിന്നവരില്‍ പിരിഞ്ഞുപോകാതിരുന്ന മൂന്നു പേരെയാണ് ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘനം കണ്ടെത്തി പൊലീസ് ആക്ടില്‍ നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നിയമാനുസൃതം നടപടി സ്വീകരിച്ചാല്‍ മതിയെന്നും നിയമം നടപ്പാക്കാന്‍ രാജ്യത്ത് കോടതികളുണ്ടെന്നും പൊലീസിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷന് അറിയിച്ചു