തൃശൂര്‍: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ഇന്തോനേഷ്യന്‍ യുവതിയുടെ പരാതിയില്‍ സുഹൃത്തായ തൃശൂര്‍ തളിക്കുളം സ്വദേശി പിടിയില്‍. തളിക്കുളം ഇടശേരി പുതിയവീട്ടില്‍ ഹസനെ (29) യാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി ഇന്തോനേഷ്യയില്‍ അദ്ധ്യാപികയാണ്. ഇവര്‍ ഡിജിപിക്ക് ഇമെയിലിലൂടെയാണ് പരാതി നല്‍കിയത്. ഹസന് ദുബായിലായിരുന്നു. നെടുമ്ബാശേരിയില് വിമാനമിറങ്ങിയ ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിക്കാരിയും ഇയാളും സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മില്‍ പിരിഞ്ഞതിന് പിന്നാലെ ഹസന് അദ്ധ്യാപികയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ടിലേക്ക് എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2019ലാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജനും സംഘവുവുമാണ് പ്രതിയെ പിടികൂടിയത്.