കൊച്ചി: അമൃതംപൊടിയില്‍ വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തില്‍, ജില്ലയിലെ യൂണിറ്റുകളില്‍ പരിശോധന വ്യാപകമാക്കാന്‍ എ.ഡി.എം എസ്.ഷാജഹാന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വിവിധ ധാന്യങ്ങളും മറ്റും പൊടിച്ച് അമൃതം പോഷകപ്പൊടി നിര്‍മ്മിക്കുന്ന 10 കുടുംബശ്രീ യൂണിറ്റുകള്‍ ജില്ലയിലുണ്ട്. എടക്കാട്ടുവയലിലെ യൂണിറ്റില്‍ നിര്‍മ്മിച്ച പൊടിയിലായിരുന്നു വിഷാംശം. ബാക്കി ഒമ്ബത് യൂണിറ്റുകളിലും ഇന്നുമുതല്‍ പരിശോധന നടത്തും.
നിര്‍മ്മാണസ്ഥലം, അമൃതം പൊടിയുടെയും ധാന്യങ്ങളുടെയും ഗുണനിലവാരം, അംഗന്‍വാടികളിലെ സ്റ്റോക്ക് എന്നിവയാണ് പരിശോധിക്കുക. എടക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താത്കാലികമായി പൂട്ടിയിട്ടുണ്ട്. അഫ്ലോടോക്സിന്‍ ബി വണ്‍ എന്ന വിഷവസ്തുവാണ് ഇവിടെ നിര്‍മ്മിച്ച 98 ബാച്ച് അമൃതംപൊടിയില്‍ കണ്ടെത്തിയത്.പൂപ്പല്‍ ബാധിച്ച ധാന്യത്തില്‍ നിന്നാണ് വിഷവസ്തു എത്തിയതെന്നാണ് കണ്ടെത്തല്‍. അമൃതംപൊടി ഫാക്ടറിയില്‍ ധാന്യങ്ങള്‍ സൂക്ഷിച്ചുവച്ചതിലും അപാകതകള്‍ ഉണ്ടായിരുന്നു.