പത്തനംതിട്ട: നാടിന്റെയും നാട്ടുകാരുടെയും പ്രധാന ആവശ്യമായ കുടിവെള്ള പദ്ധതിക്ക് വേണ്ടി നാലു സെന്റ് ഭൂമി വിട്ടു നല്കി മാതൃകയായിരിക്കുകയാണ് റാന്നി പെരുനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റെജി തോമസ്. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് തെക്കേക്കരയില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിക്കാനുള്ള ബൂസ്റ്റര്‍ പമ്പ് ഹൗസും ടാങ്കും നിര്‍മ്മിക്കാനായി റെജി തോമസ് നാല് സെന്റ് ഭൂമിയാണ് സൗജന്യമായി വിട്ടു നല്‍കിയത്.
പഞ്ചായത്തിലെ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് തെക്കേക്കര. വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തെക്കേ കരയിലെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.