ദില്ലി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിർണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി. മാർട്ടിന് ജാമ്യം അനുവദിച്ചാൽ ഒന്നാം പ്രതി പൾസർ സുനിയും കോടതിയെ സമീപിക്കുമെന്നും സർക്കാർ വാദിച്ചു. എന്നാൽ അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ വയ്ക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.