കൊച്ചി ;നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കായി മുന്‍ ജീവനക്കാരന്റെ മൊഴി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന് അനൂപ് ഫോണില്‍ പറയുന്നത് കേട്ടെന്നാണ് മൊഴി. ഇത് സംവിധായകന് ബാലചന്ദ്രകുമാര്‍ വിളിച്ചപ്പോഴും പറഞ്ഞു. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നും ജീവനക്കാരനായ ദാസന് വെളിപ്പെടുത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴിയുടെ കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചത്.
വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതിനിടെ കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.