തിരുവനന്തപുരം : കഴക്കൂട്ടം -കോവളം ദേശീയ പാതയില്‍ പുതിയ ലെയിൻ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കഴക്കുട്ടം മുതല്‍ കോവളം വരെയുള്ള ദേശീയപാതയുടെ നടുക്ക് മീഡിയൻ നിർമ്മിച്ച് റോഡ് രണ്ട് ട്രാക്കായി തിരിച്ച് നാലുവരി ഗതാഗത സംവിധാനമാണ് നിലവിലുള്ളത്. അതില്‍ മീഡിയനോട് ചേര്‍ന്നുള്ള വലതു ട്രാക്ക് ഓവര്‍ടേക്കിംഗിന് മാത്രമായി ഉപയോഗിക്കുക എന്നതാണ് ലെയിന്‍ ട്രാഫിക് സംവിധാനം. കോവിഡ് വൈറസ് വ്യാപനവുമായീ ബന്ധപ്പെട്ട് പൊതുഗതാഗത സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനാല്‍ ദൈനംദിനം വാഹനങ്ങളുടെ എണ്ണവും അപകടങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ആയതിനാല്‍ വാഹനം ഉപയോഗിക്കുന്ന എല്ലാപേരും ശരിയായ വേഗതയില്‍ വാഹനം ഓടിക്കുകയും മീഡിയനോട് ചേര്‍ന്നുള്ള വലതു ട്രാക്ക് ഓവര്‍ടേക്കിംഗിന് മാത്രമായി ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. എല്ലാ വാഹനങ്ങളും (ഹെവി വെഹിക്കിള്‍സ് നിര്‍ബന്ധമായും) ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുകയും ചെയ്തുകൊണ്ട് ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ലെയിന്‍ ട്രാഫിക് സംവിധാനം കര്‍ശ്ശനമായും പാലിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.