മാനസ്സികമായും ശാരീരികമായും എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ച് ഗുരുദേവന് ഉപദേശിച്ചിട്ടുണ്ടല്ലോ. ആധുനിക മനുഷ്യന്റെ ദുരന്തഭാവിയെക്കുറിച്ച് ത്രികാല ജ്ഞാനിയായ ഗുരുദേവന് മനസ്സിലാക്കിയിട്ടായിരിക്കണം ഉപദേശങ്ങള്‍ നല്‍കിയത്. ഗുരു പറഞ്ഞ കാര്യങ്ങള്‍ മനുഷ്യര്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ ഈ ലോകത്തിന്റെ മുഖച്ഛായ വികൃതമാകുമായിരുന്നോ? അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മനുഷ്യജീവിതത്തിന് താങ്ങും, തണലുമേകി അത്താണിയായി ജീവിച്ച ആ അവതാരരൂപത്തിന്റെ മഹത്വം ശരിക്കും മനസ്സിലാക്കാനുള്ള താല്പര്യം നമ്മള് കാണിക്കുന്നുണ്ടോ? ഗുരുവിന്റെ ജീവിതം കൊണ്ട് മനുഷ്യരെ നേര്‍വഴിയ്ക്ക് നയിക്കാനുള്ള ഗുണപാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. പക്ഷേ ഇന്ന് അത് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാത്തതിന്റെ പരിണിതഫലമാണ് മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ കാരണങ്ങള്‍. ആത്മീയവും ഭൗതീകവുമായ കാര്യങ്ങളില്‍ സമരസപ്പെട്ടുകൊണ്ട് മനുഷ്യര്‍ ജീവിക്കണം എന്നതിനെക്കുറിച്ച് ഗുരു ഉപദേശിക്കുകയും ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുമുണ്ട്.
മനുഷ്യനെ വിഭജിക്കുന്ന ഈ കാലത്ത് മതത്തിനതീതമായി മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാരത്തിന്റെ നേര് കണ്ണാടികളാണ് ഗുരുവിന്റെ ഓരോ പുസ്തകവും. മതത്തിനും, ജാതിക്കുമപ്പുറത്ത് മാനവീകതയുടെ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കാന് ഗുരുവിന് കഴിഞ്ഞു. സ്നേഹത്തിന്റെയും സത്യത്തിന്റെയും പ്രകാശം പരത്തുന്ന ഒരു ജീവിതം മനുഷ്യര്‍ക്ക് ഉണ്ടാകാത്തതാണ് മനുഷ്യജീവിതം ധന്യമാകാതിരിക്കുന്നത്. മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും നല്ല ചിന്തകളും, ലോക നന്മയ്ക്കുവേണ്ടി ആയിരക്കണമെന്ന് ഗുരുദേവന് അരുള്‍ ചെയ്തു. പക്ഷേ നമ്മളിന്ന് ഒരു ആത്മപരിശോധന നടത്തിയാല്‍ നമ്മുടെ ചിന്തയും പ്രവര്‍ത്തികളും സ്വാര്ത്ഥതകളായി മാറുന്ന കാഴ്ചകളല്ലേ കാണുന്നത്. ഈ കാലഘട്ടത്തിലാണ് ഗുരുവചനങ്ങള്‍ക്ക് പ്രശസ്തിയേറുന്നത്. ഗുരുദേവ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മനുഷ്യനെ കാര്‍ന്നുതിന്നുന്ന എല്ലാ ദുരന്തങ്ങളും ഒഴിവാകും. ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യന് മനുഷ്യനെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്ത് ഗുരുദേവ വചനങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച ഗുരു ലോകത്തിനുതന്നെ മാതൃകയായി – കെടാവിളക്കായി ശോഭിക്കുന്നു. ഒരു ജാതി – ഒരു മതം – ഒരു ദൈവം മനുഷ്യന് എന്നരുളിയ ഗുരുവിന്റെ തത്ത്വം ഇന്ന് പല ജാതി-പല മതം – പല ദൈവം എന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സര്‍വ്വ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് അരുളിയ ഗുരുവിന്റെ ബ്രഹ്മജ്ഞാന തത്ത്വം മറന്നുപോകുന്നതോ, മറക്കാന്‍ ശ്രമിക്കുന്നതോ മനുഷ്യന്റെ ജീവിത സുഖത്തിന്റെ ആ ശക്തികൊണ്ടാണ്. വരേണ്യവര്‍ഗ്ഗത്തിന്റെ അറിവില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതിന്റെ പൊരുള്‍ ഇന്നും അജ്ഞാനികള്‍ക്ക് അജ്ഞാതമാണ്. ഗുരു പറഞ്ഞതിന്റെ പൊരുള്‍ അറിയാത്തവര്‍ ഇന്നും ജാതിയും മതവും പറഞ്ഞ് നടക്കുന്ന കലികാലത്തിന്റെ കലിയില്ലാതെ ഇത് മറ്റെന്താണ്? ആത്മ ഉപദേശ ശതകം എന്ന ഗുരുവിന്റെ പുസ്തകം കടഞ്ഞെടുത്ത വെണ്ണയാണ്. ജ്ഞാനത്തിന്റെ സാഗരമാണ്. അറിവും അറിവ് അറിയുന്നവനും ആദിയിലുള്ള മഹസും ഒന്നാണെന്ന് പറഞ്ഞ അവതാരപുരുഷന് തന്നെയാണ് ശ്രീനാരായണ ഗുരുദേവന്. ഗുരുവിന്റെ കര്മ്മമണ്ഡലങ്ങള് അറിയുമ്പോള്‍ ഭൗതിക ജീവിതവും ആത്മീയ ജീവിതവും ഒന്നാണെന്ന് മനസ്സിലാക്കാം. ആത്മവിശ്വാസങ്ങള്ക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രതിധ്വനിക്കുന്നു. അന്തവിശ്വാസങ്ങളും – അനാചാരങ്ങളും കൊടുകുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ ഗുരുദേവന് അവതരിച്ചതിന്റെ മേന്മയും മഹത്വവും തെളിനീരുപോലെ തെളിഞ്ഞ് കാണുന്നത് ഭാഗ്യംതന്നെയാണ്. അദ്ദേഹം ഉപദേശിച്ച കര്‍മ്മ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നവരുടെ ചൈതന്യവും ആത്മശുദ്ധിയും ഇന്നും ലോകത്തിന് വെള്ളിവെളിച്ചം പകരുന്നത് ഒരാശ്വാസം തന്നെയാണ്. ഈ കാലഘട്ടത്തിന്റെ ശബ്ദവും ചലനവും മനസ്സിലാക്കിയിട്ടായിരിക്കണം ഗുരുദേവന് അരുളിയത് ഒരു ജാതി – ഒരു മതം – ഒരു ദൈവം മനുഷ്യന്.