പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാലങ്ങള്ക്കിത് സുവര്‍ണകാലമാണെന്നും ഇതിനു കാരണമായി മാറിയത് സംസ്ഥാനത്ത് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സമഗ്ര ശിക്ഷ കേരളത്തിന്റെ സംസ്ഥാന തല ഏകദിന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനവും നിര്‍വഹണ പദ്ധതി രേഖ പ്രകാശനവും തിരുവല്ല കൊമ്പാടി എഎംഎം ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതൊരു നാട്ടിലേയും വിദ്യാഭ്യാസ പുരോഗതിക്ക് ഗുണപരമായ മാറ്റം സംഭവിക്കുന്നത് അവിടത്തെ പാഠ്യപദ്ധതിയുടെ പ്രാധാന്യം അടിസ്ഥാനപ്പെടുത്തിയാണ്. കേരളത്തിലെ ജനങ്ങള്‍ പൊതുവിദ്യാഭ്യാസപ്രവര്ത്തകരേയും അധ്യാപകരേയും പ്രതീക്ഷയോടെ നോക്കുന്ന കാലമാണിത്. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയരുവാന് അധ്യാപകര്‍ക്ക് കഴിയണം.
പാഠ്യപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. സമൂഹം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് അധ്യാപകരിലാണ്. കുട്ടികളില്‍ അന്വേഷണത്വര ഉണ്ടാക്കും വിധത്തിലാവണം അധ്യാപനം. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിലാണ് സമൂഹം ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.ആര്. വിജയമോഹനനെ മന്ത്രി ആദരിച്ചു.
സമഗ്രശിക്ഷയുടെ 2019-20 കാലയളവിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ശില്പശാലയും ഇതോടനുബന്ധിച്ച് നടന്നു. ശില്പശാല സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. 2019 ലെ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ ഡോ.പി.ജെ വിന്‍സെന്റ് അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്മാന് ചെറിയാന് പോളച്ചിറയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സാം ഈപ്പന്, എസ് വി സുബിന്, സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എ.പി കുട്ടികൃഷ്ണന്, സമഗ്രശിക്ഷ അഡീഷനല്‍ ഡയറക്ടര്‍ എസ്. സന്തോഷ്, കണ്‍സള്‍ട്ടന്റ് ഡോ.ടി.പി.കലാധരന്‍, പ്രോഗ്രാം ഓഫിസര്‍മാരായ കെ.ജെ ഹരികുമാര്‍, എന്‍.ടി ശിവരാജന്, എസ്എസ്കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.ആര് വിജയമോഹനന്‍, പത്തനംതിട്ട വിദ്യാഭ്യസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, ഡയറ്റ് പ്രിന്‍സിപ്പല്‍ പി ലാലിക്കുട്ടി പങ്കെടുത്തു.