തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനായി മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതല്‍ ഉടന്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രിമാരും വകുപ്പ് മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം. നീക്കം ചെയ്യുന്ന മാലിന്യം സംസ്കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം. കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം. എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാന്‍ നടപടിയുണ്ടാകണം. വേനല്‍ക്കാലത്ത് വരള്‍ച്ച നേരിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മഴവെള്ള സംഭരണത്തിന് നല്ല രീതിയിലുള്ള ഒരുക്കങ്ങള്‍ വേണം. കുളങ്ങളിലേക്കുള്ള ചാലുകള്‍ ഒഴുക്കിന് സഹായകമാകണം. കനാലുകളിലൂടെ ലഭിക്കുന്നത് നല്ല വെള്ളമായിരിക്കണം. ജല ദുരുപയോഗം തടയാന്‍ ബോധവത്കരണം വേണം. പാഴ്ജലം മറ്റാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയുള്‍പ്പെടെ കാര്യമായി കുറച്ചുകൊണ്ടുവരാനായതായി യോഗത്തില്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2017ല്‍ ഡെങ്കിപ്പനി മൂലം 165 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2018ല്‍ 32 മരണങ്ങള് മാത്രമാണ് ഉണ്ടണ്‍ായത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ ഇനിയും കുറയ്ക്കാനാകും.
നവകേരള കര്‍മപദ്ധതിയുടെ ഘടകങ്ങളുമായി പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് യോഗം നിര്‍ദേശിച്ചു. പൊതുജന പങ്കാളിത്തത്തോടെ കൊതുക് നശീകരണം, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകള്‍, സുരക്ഷിത കുടിവെള്ള വിതരണം, വാര്‍ഡുതല ആരോഗ്യ സമിതികളുടെ ശക്തിപ്പെടുത്തലുകളും ഇടപെടലുകളും, വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വേണം.
ജാഗ്രതാ ക്യാമ്പയിന് സംസ്ഥാനതലത്തിലുള്ള മേല്‍നോട്ടത്തിന് പുറമേ മന്ത്രിമാര്‍ക്ക് ജില്ലാതല ചുമതലയും നല്‍കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ സമിതികളുടെ അവലോകനവും നടത്തിപ്പും. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശസ്വയംഭരണം, ജലവിഭവം, റവന്യൂ, തൊഴില്‍, സാമൂഹികനീതി, വിദ്യാഭ്യാസം, കൃഷി, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ്, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, പട്ടികവര്‍ഗ വികസനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കൈക്കൊള്ളേണ്ണ്ട മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ശുചിത്വമിഷന്, ഭക്ഷ്യ സുരക്ഷാ കമ്മീഷന്, ദുരന്ത നിവാരണ അതോറിറ്റി, റെയില്‍വേ എന്നിവര്‍ ചെയ്യേണ്ടണ്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ. കൃഷ്ണന്‍കുട്ടി, ജി. സുധാകരന്, എ. സി. മൊയ്തീന്, കെ. രാജു, ടി. പി. രാമകൃഷ്ണന്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ജലവിഭവ അഡീ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, നവകേരള കര്‍മ പദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.