തിരുവനന്തപുരം: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ ഏഴിന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിനുമുന്നില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കൂട്ടയോട്ടം ഫ് ളാഗ് ഓഫ് ചെയ്തു.
സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുടേയും, യുവാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൂട്ടയോട്ടം. സൈക്ലിംഗ് താരങ്ങള്‍, റോളര്‍ സ്കേറ്റിംഗ് താരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തിനൊപ്പം അകമ്പടിയായി ഉണ്ടായിരുന്നു. ത്രിവര്‍ണ പതാകയിലെ നിറങ്ങളെ സൂചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാര്‍ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായത്. വോട്ടര്‍ അവബോധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ അണിനിരന്നത്. കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അവസാനിച്ചു.
മുന്‍ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് യോഗത്തില്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, അഡീ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ ദൊഡാവത് തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
കൂടുതല്‍ യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. പങ്കാളിത്തം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ആരോഗ്യകരമായ ജനാധിപത്യം സൃഷ്ടിക്കാനാകും. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് യുവതലമുറയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വോട്ടര്‍പട്ടിക ജനുവരി 30 ഓടെ പ്രസിദ്ധീകരിക്കും. 2.54 കോടി വോട്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകള്‍. മൂന്ന് ലക്ഷത്തോളം വോട്ടര്‍മാരുടെ വര്ധവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മൂല്യാധിഷ്ഠിത സമ്മതിദാനം എന്ന ആശയം കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവെക്കുന്നത്. ഏവര്‍ക്കും പ്രാപ്യമായ തിരഞ്ഞെടുപ്പ് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. വോട്ടര്‍ ദിനാഘോഷം ജനുവരി 25ന് വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.