തൃശൂര്‍: ദേശീയപാതയില്‍ ചാലക്കുടി പോട്ട പാലത്തിന് സമീപം കാറിടിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ തടിയന്റവിട നസീറിന്റെ സഹോദരന് സുഹൈല്‍ ഉള്‍പ്പെടെ നാല് പേര് പിടിയില്‍. കണ്ണൂരുകാരായ സുജിത്, ഷാനവാസ്, മനാഫ് എന്നിവരാണ് പിടിയിലായ മറ്റു മൂന്ന് പേര്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികളെ ചാലക്കുടി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
സെപ്തംബര്‍ 15 പുലര്‍ച്ചെയായിരുന്നു സംഭവം. വിദേശത്ത് നിന്ന് കൊണ്ട് വന്ന 560 ഗ്രാം സ്വര്‍ണം പോട്ട ഫ്ളൈ ഓവറില്‍ വച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്വര്‍ണം കൊണ്ടുപോയിരുന്ന വാഹനത്തില്‍ കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കവര്‍ച്ച. ഈ കാര്‍ പിന്നീട് കണ്ടെടുത്തു. കേസില്‍ നേരത്തെ ഏഴ് പേര് പിടിയിലായിരുന്നു.