തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും തിരശീല വീണു. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും മല ചവിട്ടാം എന്ന കോടതി വിധി സ്വാഗതം ചെയ്തും നിരസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ഒരു മുഖം സ്ത്രീകളെ സ്വാഗതം ചെയ്യുന്നു. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന് തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത് ഇതെല്ലാം ചോദിക്കുന്നത് മറ്റാരുമല്ല, ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. എന്നാല്‍ ഇതോടൊപ്പം രണ്ടുവര്‍ഷം മുമ്ബ് അദ്ദേഹം എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിക്കഴിഞ്ഞു. ഇപ്പോള്‍ സുപ്രിംകോടതി എല്ലാ സ്ത്രീകള്‍ക്കും ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിച്ചപ്പോഴാണ് സുരേന്ദ്രന്റെ അഭിപ്രായം വീണ്ടും പ്രസക്തമാകുന്നത്. ഇതേ അഭിപ്രായം ആര്‍എസ്എസും നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ വിധിയെ എതിര്‍ത്ത് രംഗത്തുണ്ട്. എല്ലാ കാര്യത്തിലും എന്നതുപോലെ സംസ്ഥാന സര്‍ക്കാറിനെ കുറച്ചുസമയം കുറ്റം പറഞ്ഞതിനുശേഷം ഇവര്‍ ആശ്വാസമടയുന്നു. എല്ലാ ദിവസവും ദര്‍ശന സൗകര്യം ഒരുക്കണമെന്നും സുരേന്ദ്രന് അഭിപ്രായമുണ്ട്. മൊത്തത്തില്‍ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷവുമെല്ലാം പുലര്‍ത്തുന്ന അതേ നിലപാട്. സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന് ഇത് പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷം പുറത്തെടുത്ത സംഘപരിവാര്‍ അനുയായികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ; ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇല്ല. അഭിപ്രായം ആര്‍ക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശനസൗകര്യം വേണമെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വന്‍തോതില്‍ ചൂഷണം ഭക്തര്‍ നേരിടുന്നുണ്ട്. പിന്നെ ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന് തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനന്മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്റെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.