തിരുവനന്തപുരം: പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഭവ സമാഹരണത്തില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോകകേരള സഭ അംഗങ്ങളുടെയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാവും വിദേശത്തു നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുക. ഇതിനായി മന്ത്രിമാരെയും ആവശ്യമുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഒക്ടോബര്‍ മുതല്‍ മന്ത്രിമാര്‍ വിദേശങ്ങളിലേക്ക് ഇതിനായി പോകും.
യു. എ. ഇ, ബഹറൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ, ന്യൂസ്ലാന്ഡ്, യു. കെ, ജര്‍മനി, അമേരിക്ക, കാനഡ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധനശേഖരണത്തിനു വേണ്ടിയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രത്യേകം ചുമതലപ്പെടുത്തും.
സംസ്ഥാനത്ത് വിഭവസമാഹരണം നല്ല രീതിയില്‍ നടക്കുന്നു. പലരും നേരിട്ടെത്തി തുക നല്കുന്നു. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് നേരിട്ട് ഏറ്റുവാങ്ങും. ഇതിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിന് എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വകുപ്പു മേധാവികളുടെ യോഗം ചേരും. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് ഈ യോഗങ്ങളില്‍ പങ്കെടുക്കും.
ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഫണ്ട് നല്കാന് എത്തുന്നത് ആവേശകരമായ അനുഭവമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 11ന് ധനസമാഹരണ പരിപാടി സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് ഇതിന്റെ ചുമതല. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാവും.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ ബാങ്കുകളില്‍ നിന്ന് പത്തു ലക്ഷം രൂപയുടെ വായ്പാ സഹായം നല്കാന് നടപടി സ്വീകരിക്കും. സ്വയംസഹായ സംഘങ്ങള്‍ക്കും കുടുംബശ്രീയ്ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. വീട്ടുപകരണങ്ങള്‍ നശിച്ചവര്‍ക്ക് അവ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ മുഖേനയാവും ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുക. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് മാത്രമേ നേരിട്ട് വായ്പ നല്‍കേണ്ടി വരൂ. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കും.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര പ്രശസ്തമായ കെ. പി. എം. ജി എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ സേവനം സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം തകര്‍ത്ത വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരം ഡിജിറ്റലായി ശേഖരിക്കും. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന സാധനങ്ങള്‍ ഓരോ സ്ഥലത്തെയും ആവശ്യം കണക്കാക്കി വിതരണം ചെയ്യും. ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതിനായി ദ്രുതഗതിയില്‍ തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.