ആലപ്പുഴ: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നേവിയുടെ രണ്ട് ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഭക്ഷണം മാത്രം മതി എന്നാവശ്യപ്പെടുന്നവര്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ഒഎന്‍ജിസിയുടെ ഹെലികോപ്ടറും എത്തുന്നുണ്ട്.
ജില്ലയില്‍ ആകെ 515 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 75,451 പേര് വിവിധ ക്യാമ്പുകളിലായി ഉണ്ട്. ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിന് പുറമേ വിദ്യാഭ്യാസ വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരെയാണ് കൂടുതലായും നിയോഗിച്ചിട്ടുള്ളത്. കൂടാതെ മറ്റ് വകുപ്പില്‍ നിന്നുകൂടി ഉദ്യോഗസ്ഥരെ നിയമിക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനായി ഫുഡ് ഹബ് തുടങ്ങിയിട്ടുണ്ട്. അടൂര്‍ വഴിയാണ് ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത് എന്നതിനാല്‍ അവിടെയാണ് പ്രധാന ഫുഡ് ഹബ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്.
ക്യാമ്പിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ ഹബും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നൂറിലധികം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഹബിന്റെ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിട്ടു തരുന്നുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നമാണ് നടന്നുവരുന്നതെന്നും കളക്ടര്‍ പറഞ്ഞു.
എയര്‍ഫോഴ്സിന്റെ ഹെലികോപ്ടര്‍ അപ്പര്‍കുട്ടനാട്ടില്‍
എയര്‍ഫോഴ്സിന്റെ ഹെലികോപ്ടര്‍ അപ്പര്‍കുട്ടനാട്ടില്‍ ഭക്ഷണ വിതരണം നടത്തി. ഭക്ഷണം വിതരണം ചെയ്തതിനു ശേഷം കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നുണ്ട്. ഇതിനു പുറമേ കൊച്ചിയില്‍ നിന്നും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഭക്ഷണ വിതരണത്തിനായി എത്തുന്നുണ്ട്. അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്.