മലപ്പുറം : നാല്‍പ്പത്തിയെട്ട് വര്‍ഷമായി കൃഷി ചെയ്ത് വരുന്ന ഭൂമിയുടെ കൈവശാവകാശ രേഖ ഇനിയും ലഭ്യമായില്ലെന്ന കര്‍ഷകന്റെ പരാതിയില്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്പിക്കണമെന്ന് ഹരജികള്‍ സംബന്ധിച്ച നിയമസഭാസമിതി റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. എം.ഒ മത്തായി എന്ന കര്‍ഷകന്റെ പരാതിയിലാണ് നടപടി. കൈവശാവകാശ രേഖ നല്കുന്നതില് വനം വകുപ്പിന് എതിര്‍പ്പില്ല. അതിനാല്‍ റവന്യൂ അധികൃതരാണ് ഇക്കാര്യത്തില്‍ അന്തിമ നടപടി സ്വീകരിക്കേണ്ടതെന്ന് സമിതി അധ്യക്ഷന്‍ രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്‍പാര്‍ക്കിങ് വികസിപ്പിക്കുന്നതിന് 2003 ല്‍ ഭൂമി വിട്ടുനല്‍കിയതിന്റെ നഷ്ടപരിഹാര തുക ഇനിയും ലഭ്യമായിട്ടില്ലെന്നായിരുന്നു കൊണ്ടോട്ടി സ്വദേശി സൈതലവിയുടെ പരാതി. പരിശോധിച്ച് നടപടിയെടുക്കാന്‍ സമിതി ജില്ലാകലക്ടറെ ചുമതലപ്പെടുത്തി. പരാതിക്കാരന് പിതാവുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതിനാല്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ തുക കെട്ടിവെക്കുകയായിരുന്നുവെന്ന് റവന്യൂവകുപ്പ് അധികൃതര്‍ സമിതിയെ അറിയിച്ചു. 2003 ല്‍ തന്നെ നഷ്ടപരിഹാര തുക കെട്ടിവെച്ചിട്ടുണ്ടെന്നാണ് വിശദീകരണം. ഇക്കാര്യം വിശദമായി പരിശോധിച്ച് സെപ്റ്റംബറില്‍ തന്നെ നടപടിയെടുക്കാമെന്ന് ജില്ലാകലക്ടര്‍ സമിതിയെ അറിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് ഔദ്യോഗിക വാഹനം സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചു എന്നതായിരുന്നു മലപ്പുറം സ്വദേശി ഹൈദ്രുവിന്റെ പരാതി. ഔദ്യോഗിക വാഹനം സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം യൂനിവേഴ്സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അതിന്റെ ചെലവ് യൂനിവേഴ്സിറ്റിയുടെ അക്കൗണ്ടില്‍ തിരികെ നല്‍കിയെന്നും ഇന്റേണല്‍ ഓഡിറ്റ് വിഭാഗം അത് അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു. അഞ്ച് മാസം മുമ്പ് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം മകള്‍ മരിച്ചുവെന്നും ഇക്കാര്യത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല എന്നുമായിരുന്നു പിതാവായ എ.പി ബഷീറിന്റെ പരാതി. പ്രതികളുടെ മുന്‍കൂര്‍ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതാണ് അറസ്റ്റ് ചെയ്യാന്‍ തടസ്സമെന്നും തിരൂര്‍ ഡിവൈഎസ്പി വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതാണെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഡിവൈഎസ്പി അറിയിച്ചു. ആശ്രിത നിയമനമനുസരിച്ച് സ്കൂളില്‍ സ്പെഷ്യലിസ്റ്റ് അധ്യാപികയായി 2016 മുതല്‍ ജോലി ചെയ്തുവരികയാണെന്നും നിയമനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നുമായിരുന്നു മലപ്പുറം സ്വദേശിനി എം.എം നയനയുടെ പരാതി. സ്പെഷ്യലിസ്റ്റ് ടീച്ചറെ നിയമിക്കാന്‍ 500 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സമിതിയെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നും അനുപാതം കുറക്കുന്ന കാര്യം പരിഗണനയിലാണെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. നാല് സ്കൂളുകള്‍ക്ക് ഒരു അധ്യാപിക എന്ന നിലയില്‍ നിയമനം അംഗീകരിക്കാവുന്നതാണെന്ന ശുപാര്‍ശയും പരിഗണനയിലുണ്ട്. ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരുന്ന താന്‍ റവന്യു റിക്കവറി നേരിടുന്ന സാഹചര്യം വിശദീകരിച്ചുകൊണ്ടാണ് അബ്ദുള്‍ ഹമീദ് സമിതിയെ സമീപിച്ചത്. 14 ലക്ഷം രൂപ തിരിച്ചടക്കാന്‍ കഴിയാതെ വരികയും റവന്യൂ റിക്കവറി നേരിടുകയും ചെയ്യുകയാണ് ഇപ്പോള്‍. അബ്ദുല്‍ ഹമീദിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നുവെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം. എന്നാല്‍ അബ്ദുള്‍ മജീദ് എന്നയാളുടെ പേരിലാണ് അന്വേഷണമുള്ളതെന്നും അബ്ദുള്‍ ഹമീദിന്റെ പേരില്‍ അന്വേഷണമില്ലെന്നും പഞ്ചായത്ത് വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സമിതിക്ക് മുമ്പാകെ നല്കിയ തെറ്റായ വിവരം തിരുത്തി അബ്ദുള്‍ ഹമീദിന്റെ പേരിലുള്ള നടപടി അവസാനിപ്പിക്കണമെന്ന് സമിതി അംഗങ്ങള്‍ നിര്‍ദേശിച്ചു. ആറ് പരാതികളാണ് സമിതിക്ക് മുമ്പാകെ വന്നത്. പുതുതായി അഞ്ച് പരാതികള്‍ സ്വീകരിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പരാതികളുടെ എണ്ണം കുറവാണെന്ന് സമിതി ചെയര്മാന് രാജു എബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്മാന് രാജു എബ്രഹാം, പി.ഉബൈദുള്ള, വിപി സചീന്ദ്രന്‍, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുത്തു.