തിരുവനന്തപുരം : സങ്കുചിത മത, വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 48 ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത നിര്‍വീര്യമാക്കാന്‍ കലാ, സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിര്‍ഭയം കലാപ്രവര്‍ത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിര്‍ത്താനാകണം.
മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരന്മാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ വേണം.
ചലച്ചിത്രരംഗത്തിന്റെ പുരോഗമനസ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡുകള്‍. ഉന്നത മാനവമൂല്യം പുലര്‍ത്തുന്ന സൃഷ്ടികള്‍ അംഗീകാരം കിട്ടിയവയില്‍ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.സി. ഡാനിയല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ഇന്ദ്രന്‍സ്, നടിക്കുള്ള അവാര്‍ഡ് ലഭിച്ച പാര്‍വതി, സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരും മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ബഹുജനപങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലന് പറഞ്ഞു. അവാര്‍ഡുകളുടെ വിശ്വാസ്യത വീണ്ടെടുക്കാനായതായും അദ്ദേഹം പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അഭിമാനവും അവകാശവും കടമയുമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മോഹന്‍ലാല്‍ പറഞ്ഞു. സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, ബീനാപോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.