ഇന്ത്യക്കാർ ഇംഫാലിനെ മറന്നാലും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഇംഫാലിനെ മറക്കാത്ത ഒരു വിദേശരാജ്യമുണ്ട്, ജപ്പാൻ. യുദ്ധം ചെയ്തും പട്ടിണി കൊണ്ടും അക്രമിക്കപ്പെട്ടും ഒക്കെ നൂറുകണക്കിന് ജാപ്പനീസ് സൈനികർ മരണമേറ്റുവാങ്ങിയ ഭൂമിയെ എങ്ങനെ അവർ മറക്കാനാണ്? ചരിത്രത്തിൽ കുറച്ചെങ്കിലും പിടിപാടുള്ളവർക്ക് അറിയാം രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ ആദ്യമായി പരാജയമേറ്റുവാങ്ങിയത് മണിപ്പൂരിലെ ഇംഫാലിൽ വെച്ചായിരുന്നു എന്നത്. ഇന്ത്യകീഴടക്കാനെത്തി സ്വയം കീഴടങ്ങിയ ജപ്പാൻ ഇംഫാലിലെ എഴുതപ്പെട്ട ചരിത്രമാണ്. യുദ്ധത്തിന്റെ സ്മാരകങ്ങളും കാഴ്ചകളിലെ വിസ്മയങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇംഫാലിന്റെ വിശേഷങ്ങൾ ഇംഫാലെന്നാൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. ആരെയും ആകർഷിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കും പച്ചപ്പിനും ഏറെ പ്രശസ്തമാണ് വടക്കു കിഴക്കൻ ഇന്ത്യയിലെ ഈ സ്ഥലം. യംഫാൽ എന്ന വാക്കിൽ നിന്നുമാണ് ഇംഫാൽ വരുന്നത്. ഒട്ടേറെ ഗ്രാമങ്ങളുടെ നഗരം എന്നാണ് ഇതിനർഥം. പർവ്വതങ്ങളും താഴ്വരകളും കാടുകളും നദികളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ