ആലപ്പുഴ: ഇക്കൊല്ലത്തെ നെഹ്റുട്രോഫി വള്ളംകളി അടിമുടി പ്രൊഫഷണലാക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. ബോട്ട് ലീഗ് കൂടി തുടങ്ങുന്ന വേളയില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും സംഘാടകര്‍ക്കും പ്രയോജനമാകുംവിധം നടത്തിപ്പില്‍ പുരോഗമനപരമായ ഒട്ടേറെ ആശയങ്ങളാണ് നടപ്പാക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവിസ്മരണീയമായ വള്ളംകളി ദിനമാണ് ലക്ഷ്യം.
നാളിതുവരെ കുടുംബസമേതമുള്ള വള്ളംകളി കാണല്‍, വൃദ്ധജനങ്ങളുടെ പരിപാലനം വരെ വലിയൊരു വെല്ലുവിളിയും ബാധ്യതയുമായിരുന്നു. ഇതുള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് ഇക്കുറി പരിഹാരമാകും. വിവിധ നിറങ്ങളിലുള്ള ജേഴ്സികള്‍ അണിഞ്ഞ വാളണ്ടിയര്‍മാര്‍ സദാ സേവനസന്നദ്ധരായി രംഗത്തുണ്ടാകും. ഇതിനായി സൊസൈറ്റ് സെക്രട്ടറിയായ സബ് കള്ടര് വി.ആര്.കൃഷ്ണതേജ തയ്യാറാക്കിയ പദ്ധതിയുടെ ലഘുലേഖ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ജില്ല കളക്ടര്‍ എസ്.സുഹാസിന് കൈമാറി പ്രകാശനം ചെയ്തു.
പച്ച, മഞ്ഞ, ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിലുള്ള ജഴ്സികളിലാകും വളണ്ടിയര്‍മാര്‍. പച്ച വളണ്ടിയര്‍ വള്ളംകളി പരിസരത്തെ ഹരിതചട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മഞ്ഞ വളണ്ടിയര്‍ കുട്ടികളേയും വനിതകളേയും പരിപാലിക്കും. ചുവപ്പു വളണ്ടിയര്‍ മുതര്‍ന്ന പൗരന്മാര്ക്ക് സേവനം ചെയ്യും. ഭിന്നശേഷിയുള്ളവരുടെ പരിചരണം നീല വളണ്ടിയര്‍മാര്‍ നിര്‍വഹിക്കും. എല്ലാവരേയും സഹായിക്കുന്നതിനായാണ് കറുപ്പ് വളണ്ടിയര്‍മാര്‍ അണിനിരക്കുക. വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് ഇതിനായി പ്രത്യേകം പരിശീലനം നല്കി രംഗത്തിറക്കുന്നത്.
കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഓരോ ഗാലറിയിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. മുതിര്‍ന്ന പൗരന്മാര്ക്കായി ഇരിപ്പടങ്ങള്‍ പ്രത്യേകം സജ്ജമാക്കുന്നതിനൊപ്പം ലഘുഭക്ഷണവും നല്‍കും. എല്ലാ ഗാലറിയിലും ഭിന്നശേഷിക്കാര്‍ക്ക് കയറാന്‍ തക്കവണ്ണം റാമ്പുള്പ്പടെയുള്ള സംവിധാനം ഒരുക്കും. ബോട്ട് ലീഗിന്റെ ആദ്യവേദിയെന്ന നിലയില്‍ പുന്നമടയിലെ പ്രൊഫഷണലിസം മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും
![](https://mediavoiceonline.com/wp-content/uploads/2018/08/BOATRACE-1.jpg)