ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കുന്നതും വാക്സിനേഷന് വര്‍ധിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ ശക്തമാക്കണമെന്നാണ് കേരളം, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര,ഒഡിഷ,തമിഴ്നാട്,തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തിലെ നിര്‍ദേശം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന സഭകളും കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ ഇടയാക്കും. അതിനാല്‍ സംസ്ഥാനങ്ങളുടെ എല്ലാ ജില്ലകളിലും കോവിഡ് പരിശോധനകള്‍ കൃത്യമാണോ എന്ന് ഉറപ്പാക്കണം. കൂടുതല്‍ കേസുകള്‍, രോഗ സ്ഥിരീകരണ നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആഗസ്റ്റ് അഞ്ചിന് ഡല്‍ഹി സര്‍ക്കാരിന് അയച്ച കത്തില്‍ രാജേഷ് ഭൂഷണ് പറയുന്നുണ്ട്.