അരീക്കോട്: പി.എസ്.സി പരീക്ഷയില്‍ ഒരേസമയം റാങ്ക് ലിസ്റ്റില്‍ ഇടംനേടി അമ്മയും മകനും. അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവും മകന് വിവേകുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍.ജി.എസ് റാങ്ക് ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ബിന്ദുവിന് 92ാം റാങ്കും എല്‍.ഡി.സി ലിസ്റ്റില്‍ മകന് വിവേക് 38ാം റാങ്കുമാണ് നേടിയത്.
ബിന്ദു 11 വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടി അധ്യാപികയാണ്. 2019 -20 വര്‍ഷത്തെ മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ എല്‍.ഡി.സിയും എല്‍.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എല്‍.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവര്‍ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
വിവേകിനും ലക്ഷ്യം സര്‍ക്കാര്‍ ജോലിയായിരുന്നു. അമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തയാറെടുപ്പ് ആരംഭിച്ചു. രണ്ടര വര്‍ഷത്തെ കഠിന ശ്രമം നടത്തിയാണ് 24കാരനായ വിവേക് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. അമ്മയാണ് നേട്ടത്തിന് കാരണമെന്ന് വിവേക് പറഞ്ഞു. എടപ്പാള്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകള്‍: ഹൃദ്യ.