കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി യൂട്യൂബര്‍ പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി.
സുകുമാര്‍ എന്ന സൂരജ് പാലാക്കാരന് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഇന്നു രാവിലെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി സിറ്റി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് സൂരജ് പാലാക്കാരനെതിരേ കേസെടുത്തത്.