കൊച്ചി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ സമരത്തിനൊരുങ്ങി ഹോട്ടലുടമകള്‍. വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് കേന്ദ്രസര്‍ക്കാരിനും ജി.എസ്.ടി കൗണ്‍സിലിനും നിവേദനം നല്കി.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ ചെറുകിട ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാല്‍ മീഡിയവണിനോട് പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലവര്‍ധന ഹോട്ടല്‍ഭക്ഷണത്തിന് വിലകൂടുന്നതിന് കാരണമാകും. നേരത്തെയുളള തിരക്ക് ഇപ്പോള്‍ ഹോട്ടലുകളിലുണ്ടാവുന്നില്ലെന്നും ഹോട്ടലുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അരി, ഗോതമ്ബ് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ അവശ്യസാധനങ്ങളുടെ വിലയാണ് തിങ്കളാഴ്ച മുതല്‍ വര്‍ധിച്ചത്. ജി.എസ്.ടി കൗണ്‍സില്‍ നികുതി നിരക്കില്‍ അപ്രതീക്ഷിത ഭേദഗതി വരുത്തിയതോടെയാണ് വില വര്‍ധനക്ക് കളമൊരുങ്ങിയത്.
കഴിഞ്ഞ മാസം 28, 29 തിയതികളില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ മാസം 13ന് ജി.എസ്.ടി നിയമം ഭേദഗതിചെയ്ത് വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെയാണ് ചില്ലറയായി തൂക്കിവില്ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായത്. അതുവരെ പായ്ക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.