ആലപ്പുഴ: ബീച്ചില്‍ ഉല്ലസിക്കാനെത്തിയ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
ശനിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ കടപ്പുറത്ത് അയ്യപ്പന്‍പൊഴി ഭാഗത്തായിരുന്നു സംഭവം. മൊബൈലില്‍ ഇവരുടെ ചിത്രവും വീഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതിയുടെ നീക്കം. എന്നാല്‍ ഇവര്‍ പണം നല്കാന് തയ്യാറാകാതെ വന്നതോടെ സുഹൃത്തുക്കളില്‍ ഒരാളെ മര്‍ദ്ദിച്ച് മാലയും ഫോണും കൈക്കലാക്കി.
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ യുവാവ് പിന്തുടര്‍ന്നതോടെ മൊബൈല്‍ ഫോണ്‍ തിരിച്ചുനല്‍കിയെങ്കിലും പണവും മാലയും തിരികെ നല്കാന് കൂട്ടാക്കിയില്ല. പിന്നാലെ യുവാവ് ടൂറിസം പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തെ അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സമാനസംഭവം എറണാകുളം ജില്ലയിലെ ചെറായിലും അരങ്ങേറി. ഉത്തരേന്ത്യന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്നു. കൃത്യം നടത്തിയ മൂന്നംഗ തമിഴ്സംഘത്തിലുള്ള ഒളിവിലായ രണ്ട് പ്രതികളെ മുനമ്ബം സിഐ എ എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ കാരൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കാരൂര്‍ സ്വദേശികളായ 19 കാരനായ ബാലമുരുകന്, 23 കാരനായ രാമസ്വാമി എന്നിവരാണ് അറസ്റ്റിലായത്. ബിച്ച് സന്ദര്‍ശിക്കാനെത്തിയ മൂന്നംഗ സംഘത്തിന് മദ്യപിക്കാന്‍ അടക്കം പണം ഇല്ലാതെ വന്നതോടെയാണ് കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഒന്നാം പ്രതിയായ വിഗ്നേഷിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.