റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ പേട്ട വില്ലേജിന്റെ ഡിജിറ്റല്‍ റിക്കാര്‍ഡുകള്‍ റീസര്‍വേ ഡയറക്ടര്‍ പ്രകാശ് വി യില്‍ നിന്നും ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഏറ്റുവാങ്ങി. തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം വിമാനത്താവളവും ചാക്ക ബൈപ്പാസും ഉള്‍പ്പെടുന്ന 646.4699 ഹെക്ടര്‍ സ്ഥലത്തിന്റെ ഡിജിറ്റല്‍ രേഖകളാണ് കൈമാറിയത്. കോവിഡ് മഹാമാരിക്കിടയിലും സമയബന്ധിതമായി റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ. അനില്‍ ജോസ്, തിരുവനന്തപുരം തഹസില്‍ദാര്‍ ഷാജു എം.എസ്, പേട്ട വില്ലേജ് ഓഫീസര്‍ സജു, സര്‍വേ സൂപ്രണ്ടുമാരായ ശശികുമാര്‍ എസ്, ബീനാകുമാരി കെ.വി എന്നിവരും സംബന്ധിച്ചു.