ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ ഉടന്‍ ‘പകല്‍വീട്’ ആരംഭിക്കുമെന്ന് ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി. അവശത അനുഭവിക്കുന്നവരും സംരക്ഷിക്കാന്‍ ആരുമില്ലാത്തവരുമായ വയോജനങ്ങള്‍ക്കാണ് പകല്‍വീട് സേവനം ഉപകാരപ്പെടുക. ആറു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന പകല്‍വീടില്‍ നൂറോളം വയോജനങ്ങള്‍ക്ക് പകല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഇവര്‍ക്ക് പോഷകസമൃദ്ധമായ ആഹാരവും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന ക്ലബ്ബുകള്‍ ആരംഭിക്കും. വയോജനങ്ങളെ ആദരിക്കാനും അവര്‍ക്കായി കലാപരിപാടികള്‍ നടത്താനും ഭരണസമിതി തീരുമാനിച്ചു. കലാപരമായി കഴിവുകളുള്ള വയോജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കും. കൂടാതെ 60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും കട്ടിലുകള്‍ വിതരണം ചെയ്യുമെന്നും ആവശ്യമുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. വയോജനങ്ങളും സമൂഹത്തിന്റെ ഭാഗമാണ് അവരെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തികൊണ്ട് മാതൃകാപരമായ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.