തിരുവനന്തപുരം: കൊവിഡിനുശേഷം ഇന്ത്യയിലെ ധനസ്ഥിതി ആശങ്കാജനകമായി മാറിയിരിക്കുകയാണെങ്കിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുകാര്‍ക്കു മാത്രം ഒരു വേവലാതിയുമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
നിയമസഭയില്‍ ധനകാര്യഭേദഗതി ബില്ലുകളുടെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യ ഇങ്ങനെ എത്രനാള്‍ മുന്നോട്ട് പോകുമെന്ന ആശങ്കയുണ്ടെങ്കിലും കോണ്‍ഗ്രസിന് അതൊന്നും പ്രശ്നമല്ല. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് അവര്‍ക്ക് താത്പര്യം. സംസ്ഥാനത്തിന് കേന്ദ്രം നല്‍കേണ്ട ധനസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ അവര്‍ക്ക് ഒരു പരാതിയുമില്ല.
കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പോരാട്ടം നടത്തേണ്ട സ്ഥിതിയാണ്. കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ ഭരണമുന്നണി അതിന് തയ്യാറാണ്.
ലോകബാങ്കിന്റെ കണക്കനുസരിച്ച് കൊവിഡിനുശേഷം ലോകത്തെ 65ഒാളം രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ളകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്ഥിതി. എന്നാല്‍ കേരളത്തില്‍ സ്ഥിതി അത്ര മോശമായിട്ടില്ല. പണമില്ലെന്ന കാരണം പറഞ്ഞ് ജനങ്ങള്‍ക്ക് കിട്ടേണ്ട ഒരുകാര്യവും നല്‍കാതിരുന്നിട്ടില്ല