കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ റാഗിങ് പരാതിയില്‍ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്.അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ സെബിന് ബോസ്, ശ്രീശില്‍ ഹരിരാഗ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥി കെ.വി.
അരവിന്ദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആഭ്യന്തര അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെന്ഷന് കാലാവധി കഴിയുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ കയറാനോ പരീക്ഷയെഴുതാനോ ഹോസ്റ്റലില്‍ പ്രവേശിക്കാനോ കഴിയില്ല. ഈ മാസം 11നാണ് പരാതിക്കിടയായ സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയോട് ഹോസ്റ്റലില്‍വെച്ച് ക്ലിനിക്കല്‍ റെക്കോഡ് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച വിദ്യാര്‍ഥിയെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു.
പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥി പ്രിന്‍സിപ്പലിന് രേഖാമൂലം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ആഭ്യന്തര അന്വേഷണ കമീഷനെ നിയോഗിച്ചു. മെഡിക്കല്‍ കോളജിലെ രണ്ട് അസോസിയേറ്റ് പ്രഫസര്‍മാരും ഒരു അസി. പ്രഫസറും അടങ്ങുന്ന കമീഷന്, ആന്റി റാഗിങ് കമ്മിറ്റിക്ക് ഇന്നാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുത്തതെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത്കുമാര്‍ പറഞ്ഞു.
സര്‍ക്കാറിന്റെയും കോടതിയുടെയും മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് കൈക്കൊണ്ടതെന്നും തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് പൊലീസിന് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാഗിങ്ങിനെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. ഇതിനായി പൊലീസ്, പി.ടി.എ എന്നിവരുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് 17 വിദ്യാര്‍ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകരുടെ പരാതിയിലായിരുന്നു നടപടി. നാലു മാസം കഴിയുന്നതിനു മുമ്ബേയാണ് വീണ്ടും റാഗിങ് നടന്നത്. ഒന്നാംവര്‍ഷ പി.ജി വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശി നല്കിയ റാഗിങ് പരാതിയില്‍ രണ്ടു പി.ജി വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്തിരുന്നു.