പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പാലക്കാട് മൂത്താന്തര എ.ശ്രീനിവാസന് കൊലക്കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്കി.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 26 പ്രതികളാണുള്ളത്. 1607 പേജുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെ 279 സാക്ഷികളാണുള്ളത്. വിചാരണയ്ക്ക് ആയി 293 രേഖകളും 282 തെളിവുകളും കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ എപ്രില്‍ 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസന്്റെതെന്നാണ് കേസ്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികള്‍ കടയ്ക്കുള്ളില്‍ ഓടിക്കയറി വെട്ടുകയായിരുന്നു.
കേസില്‍ മുഖ്യപ്രതികളില്‍ ചിലര്‍ ഉള്‍പ്പെടെ 25 പേര് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. അഗ്നിശമന സേനാ ഉദ്യോഗസ്ഥനായ കൊടുവായൂര്‍ നവക്കോട് സ്വദേശി ജിഷാദും കേസില്‍ പ്രതിയാണ്. വിദേശത്തേക്കു കടന്ന മുഖ്യപ്രതികളില്‍ ഒരാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടരുന്നുണ്ട്..ഇയാള്‍ക്കുപുറമെ മറ്റ് രണ്ട് മുഖ്യപ്രതികളെ കൂടി പിടിക്കാനുണ്ട്.
ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ്, ഡിവൈഎസ്പി എം.അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകമായാണ് പൊലീസ് ശ്രീനിവാസന് വധത്തെ വിലയിരുത്തുന്നത്.