ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങളുടെ രൂപഭാവത്തെ ചൊല്ലി തര്‍ക്കം.
ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢിയേറിയതുമായ അശോകസ്തംഭത്തിനു പകരം ആക്രമണോത്സുക ഭാവമുള്ളതാണ് സ്ഥാപിച്ചതെന്നാണ് പരാതി.
നിലവില്‍ സ്ഥാപിച്ചതു മാറ്റണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, സാരനാഥിലെ യഥാര്‍ഥ അശോകസ്തംഭമാണു മാതൃകയാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയനീക്കമാണ് ആരോപണമെന്നും ബിജെപി പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് മോദി അശോകസ്തംഭം അനാഛാദനം ചെയ്തത്. മോദി അനാഛാദനം ചെയ്തതു ഭരണഘടനാ വിരുദ്ധമാണെന്നും ചടങ്ങിന് തങ്ങളെ ക്ഷണിക്കാഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി അനാഛാദനം ചെയ്തതില്‍ അപാകതയില്ലെന്നും കെട്ടിടം നിര്‍മിക്കുന്നതു സര്‍ക്കാരാണെന്നും പൂര്‍ത്തിയാകുന്ന മുറയ്ക്കു പാര്‍ലമെന്റ് ഭരണവിഭാഗത്തിനു കൈമാറുമെന്നും ബിജെപി മറുപടി നല്കി.
വിമര്‍ശനങ്ങള്‍:
∙ ‘സാരനാഥിലെ മഹാപ്രതിമയാണോ ഗിര്‍ വനത്തിലെ സിംഹത്തിന്റെ വികല രൂപമാണോ സ്തംഭത്തിലുള്ളതെന്നു മോദി പരിശോധിക്കണം.’ – അധീര്‍ രഞ്ജന്‍ ചൗധരി (ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ്)
∙ ”സത്യമേവ ജയതേയില്നിന്നു സിംഹമേവ ജയതേയിലേക്കുള്ള മാറ്റമാണിത്.” – മഹുവ മൊയ്ത്ര (തൃണമൂല്‍ എംപി)
∙ ”നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം? ദേശീയ ചിഹ്നത്തെ ഈ രീതിയില്‍ ഉപയോഗിച്ചു കൊണ്ടുള്ള വിവാദം ഒഴിവാക്കേണ്ടതായിരുന്നു.” – എസ്. ഇര്ഫാന് ഹബീബ് (ചരിത്രകാരന്)
∙ ”ഗാന്ധിയില്‍നിന്നു ഗോഡ്സെയിലേക്കുള്ള മാറ്റമാണ് ശോകസ്തംഭത്തിലേത്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ.’ – പ്രശാന്ത് ഭൂഷണ് (മുതിര്‍ന്ന അഭിഭാഷകന്)
∙ സര്‍ക്കാര്‍ വിശദീകരണം
”സാരനാഥിലെ അശോകസ്തംഭത്തിന്റെ പകര്‍പ്പാണിത്. വലുപ്പത്തിലെ വ്യത്യാസം മാത്രമേയുള്ളൂ. പ്രതിമസ്ഥാപിച്ചിരിക്കുന്ന ഉയരം ഉള്‍പ്പെടെയുള്ളവയും അവയിലേക്കുള്ള നോട്ടവും പരിഗണിക്കണം, അതനുസരിച്ചാകും മുഖഭാവത്തിലെ വ്യത്യാസം” – ഹര്‍ദീപ് സിങ് പുരി (കേന്ദ്ര നഗരവികസന മന്ത്രി)