കേരള സന്ദര്‍ശത്തിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ രംഗത്ത്.
വികസനത്തിന് അതീതമായി രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തന്റെയും മുഖ്യമന്ത്രിയുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. വ്യക്തമായ കാരണങ്ങളോടെയാണ് തന്റെ കേരള സന്ദര്‍ശനം. വികസനത്തെ പ്രധാനമായി കാണുന്നവര്‍ക്ക് തന്റെ യാത്രയുടെ ലക്ഷ്യം മനസിലാകുമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുകയാണ് തന്റെ സന്ദര്‍ശന ലക്ഷ്യം. ബി.ജെ.പി നേതാവെന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം. സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തലും നടന്നു. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമയം വരുമ്ബോള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍ കേസ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സത്യം എന്തായാലും പുറത്തുവരും. കോടതിയുടെ പരിഗണനയിലകായതിനാല് കൂടുതല്‍ പ്രതികരിക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയമോ, വിദേശകാര്യമോ ആയ വിഷയമല്ല. അടുത്ത 40 വര്‍ഷത്തേക്കുള്ള പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരിന് ജനങ്ങളുടെ അനുഗ്രഹാശിസുകളുണ്ട്. ശ്രീലങ്കന്‍ വിഷയം സങ്കീര്‍ണമാണ്. അവര്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നതിലാണ് കേന്ദ്രം ശ്രദ്ധിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.