തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാന്‍ തയ്യാറാവണം.
വി. മുരളീധരന് നടത്തിയ വാര്‍ത്താസമ്മേളനത്തെക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളില്‍ ഉണ്ട്. നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാന്‍ മുരളീധരന് ഇടപെട്ടില്ലെന്നും റിയാസ് ആരോപിച്ചു.
“നമ്മുടെ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ച് വളര്‍ന്ന, മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായി, പിന്നീട് കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അതൊരു നല്ല കാര്യമാണ്. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്തുകയും ചെയ്യുന്നു. അതും ഒരു നല്ല കാര്യമാണ്. കേരളത്തിലെ ദേശീയപാതകളില്‍ വാര്‍ത്താസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും അത് പരിഹരിക്കാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. ഇപ്പോള്‍ ധാരാളം കേന്ദ്രമന്ത്രിമാര്‍ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്നുണ്ട്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോഡുകളിലെ കുഴികള്‍ എണ്ണി അടയ്ക്കാന്‍ അത്തരം കേന്ദ്രമന്ത്രിമാര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും,” റിയാസ് നിയമസഭയില്‍ പറഞ്ഞു.