സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍.
ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഐഎമ്മും വിഡിയോ കോടതിക്ക് കൈമാറാന്‍ മടിക്കുന്നത്. ഭരണഘടനയെ വിശ്വാസമില്ലാത്തയാള്‍ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാന് ഉടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു
കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് നല്‍കാത്തത് ഗൗരവതരമാണെന്ന് പി സുധീര്‍ പറഞ്ഞു.ഭരണഘടനയെ സജി ചെറിയാന് അവഹേളിച്ചതിന് തുല്യമായ പ്രവൃത്തി തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. 2 മണിക്കൂര്‍ 29 മിനുട്ടുള്ള മുഴുവന്‍ വിഡിയോയും ബിജെപിയുടെ പക്കലുണ്ടെന്നും പി സുധീര്‍ വ്യക്തമാക്കി