ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന വിനിമയനിരക്കായ 79.48ലേക്ക് തിങ്കളാഴ്ച രൂപ കൂപ്പുകുത്തി.
വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച 79.25ല്‍നിന്ന് 23 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ഇന്റര്‍ ബാങ്ക് ഫോറെക്സ് വിപണിയില്‍ നാല് പൈസ നഷ്ടത്തില്‍ 79.3 നിലവാരത്തില്‍ വ്യാപാരം ആരംഭിച്ച രൂപ ഒടുവില്‍ 79.43ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഭ്യന്തര ഓഹരിവിപണി ദുര്‍ബലമായതും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷം ആറ് ശതമാനത്തോളമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ജൂണ്‍ 21ന് ഡോളറിനെതിരെ 79ല്‍ എത്തിയ രൂപ ഈ മാസം അഞ്ചിന് 79.37ലേക്ക് താഴ്ന്നിരുന്നു.
രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് പണപ്പെരുപ്പം ഉയര്‍ത്തും. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും വ്യാപാരക്കമ്മിയും ഗണ്യമായി വര്‍ധിക്കും. ജൂണിലെ കണക്കുപ്രകാരം 2560 കോടി ഡോളറാണ് (ഏകദേശം 2.04 ലക്ഷം കോടി രൂപ) രാജ്യത്തിന്റെ വ്യാപാരക്കമ്മി. ഇത് തുടര്‍ന്നാല്‍ രൂപയുടെ മൂല്യം 82ലേക്ക് ഇടിഞ്ഞേക്കുമെന്നാണ് സാമ്ബത്തികവിദഗ്ധര്‍ പറയുന്നത്