പയ്യോളി: ലോക കായിക ഭൂപടത്തില്‍ ഇന്ത്യയെയും പയ്യോളിയെന്ന കൊച്ചുഗ്രാമത്തിന്റെയും യശസ്സ് വാനോളമുയര്‍ത്തിയ ഒളിമ്ബ്യന്‍ പി.ടി.
ഉഷ രാജ്യസഭ എം.പിയാവുന്നതില് നാട് ആഹ്ലാദ നിറവില്‍.ബുധനാഴ്ച വൈകീട്ടോടെ നാമനിര്‍ദേശം ചെയ്ത വിവരം ധരിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ വരുമ്ബോള്‍ ഉഷ ഭര്‍ത്താവ് ശ്രീനിവാസനോടൊപ്പം തമിഴ്നാട്ടിലെ സേലത്തേക്കുള്ള യാത്രയിലായിരുന്നു. സേലത്തെ വിനായക മിഷന് റിസര്‍ച് ഫൗണ്ടേഷന് ഡീംഡ് യൂനിവേഴ്സിറ്റി നല്കുന്ന ഡോക്ടറേറ്റ് പദവി സ്വീകരിക്കാനാണ് ഉഷ സേലത്തേക്ക് പോയത്.
സേലത്തെ യൂനിവേഴ്സിറ്റിയിലെത്തിയ പി.ടി. ഉഷയെയും ഭര്‍ത്താവിനെയും വൈസ് ചാന്‍സലര്‍ ഡോ. സുധീര്‍, പത്നി ഡോ. ഷീല എന്നിവര്‍ കേക്കുമുറിച്ച് മധുരം നല്‍കിയാണ് സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവന്റെ നേതൃത്വത്തിലുള്ള സംഘം ഉഷയുടെ പയ്യോളിയിലെ വീട്ടിലെത്തി ആശംസകളറിയിച്ചു.
ഉഷയുടെ മകന് ഉജ്ജ്വലും അമ്മ ലക്ഷ്മിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഇരുവര്‍ക്കും മധുരം നല്കി ആഹ്ലാദം പങ്കിട്ടാണ് ബി.ജെ.പി നേതൃസംഘം മടങ്ങിയത്. വെള്ളിയാഴ്ച ഉഷ നാട്ടിലെത്തിയശേഷം സ്വീകരണമൊരുക്കും.