കോഴിക്കോട്: ലോസ് ആഞ്ജലസ് ഒളിമ്ബിക്സില്‍ നേരിയ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റാണ് പി.ടി.
ഉഷ. ചെറുപ്രായത്തില്‍ അര്‍ജുന അവാര്‍ഡും പത്മശ്രീയും സ്വന്തമാക്കിയ ‘പയ്യോളി എക്സ്പ്രസി’ന് ഒടുവിലത്തെ നേട്ടമാണ് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം. 14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ മറ്റൊരു അത്ലറ്റ് രാജ്യത്തില്ല.
ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയിലിരുന്ന ഉഷയെ രാജ്യസഭാംഗത്വം തേടിയെത്തുന്നത് ഏറക്കുറെ പ്രതീക്ഷിച്ചതാണ്.രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് മുമ്ബുതന്നെ ഉഷ മാധ്യമങ്ങളോട് മനസ്സ് തുറന്നിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉഷയെ രംഗത്തിറക്കാന്‍ നേരത്തേ ശ്രമമുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രതാപകാലത്തായിരുന്നു ഈ നീക്കങ്ങള്‍. 1991ല്‍ വടകരയില്‍ ലോക്സഭയിലേക്ക് പൊതുസമ്മത സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ടായിരുന്നു. സമ്മതം മൂളാത്തതിനാല്‍ നടന്നില്ല. പിന്നീട് കൊയിലാണ്ടിയില്‍ നിയമസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ പ്രവര്‍ത്തനങ്ങളിലും ദക്ഷിണ റെയില്‍വേയിലെ ഉന്നത ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇന്ത്യയുടെ ‘ഗോള്‍ഡന്‍ ഗേള്‍’. അഭിമാനതാരം രാജ്യസഭ എം.പിയാകുമ്ബോഴും കേരളത്തില്‍ അത്രയധികം ആവേശമില്ല.
ഉഷക്കൊപ്പം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത സംഗീതജ്ഞന് ഇളയരാജയുടെ നേട്ടം തമിഴ്നാട് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സമൂഹ മാധ്യമങ്ങളിലെല്ലാം അഭിനന്ദന കുറിപ്പുകളെഴുതി. മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററില്‍ എഴുതിയ കുറിപ്പ് മാത്രമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്.
വ്യാഴാഴ്ച വൈകീട്ടുവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലോ വ്യക്തിഗത പേജിലോ പി.ടി. ഉഷക്ക് അഭിനന്ദനമില്ല. കായികമന്ത്രി വി. അബ്ദുറഹ്മാന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിമ്ബിക് അസോസിയേഷന് മുഖ്യഭാരവാഹികള്‍, യു.ഡി.എഫ് നേതാക്കള്‍ എന്നിവരാരും പ്രതികരിച്ചിട്ടില്ല. സംഘ്പരിവാര്‍ ബന്ധമാണ് ഉഷയോടുള്ള തണുത്ത പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ആഘോഷിച്ചത് ബി.ജെ.പി നേതാക്കള്‍ മാത്രമാണ്. എം.പിയായി നാമനിര്‍ദേശം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നും ഉഷ ഫേസ്ബുക്കില്‍ കുറിച്ചു.