തിരുവല്ല∙ ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയില്‍ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു.
സജി ചെറിയാന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്വായ്പൂര് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവു നല്‍കിയിരുന്നു. 1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷനല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയിലാണു നടപടി. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വേദിയിലുണ്ടായിരുന്ന എംഎല്‍എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണന് എന്നിവരുടെ മൊഴിയെടുക്കും.
തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന് റാവുത്തറിനാണ് അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പന് റാവുത്തര്‍ പറഞ്ഞു.
പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമേ നിയമോപദേശം നല്കാന് കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സി.ഈപ്പന് പൊലീസിനെ അറിയിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ 9 പരാതികള്‍ കൂടി ഡിവൈഎസ്പിക്കു ലഭിച്ചിട്ടുണ്ട്.