തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ നടന്ന അക്രമത്തില്‍ ഇപി ജയരാജനെതിരേ കേസെടുക്കില്ല. ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും അതിനാല്‍ ഇ.പി.
ജയരാജനെതിരെ കേസെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു.
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരേ ഇരുവരും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് പരാതിയെന്ന് ബോധ്യമായി. അതിനാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും എഴുതി നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഫര്സീന് മജീദ്,നവീന്‍കുമാര്‍, സുനിത് നാരായണന് എന്നിവരെ പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ അനുസരിച്ചും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കോടതിയിലോ പോലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. ജയരാജനെതിരേ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.