പി സി ജോര്‍ജിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോര്‍ജിന് ജാമ്യം കിട്ടിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് എന്നാണ് പരാതിക്കാരിയുടെ വാദം. പി സി ജോര്‍ജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകള്‍ പൊലീസ് ചുമത്തിയില്ലെന്നും ഹര്‍ജിയിലുണ്ട്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നിലപാട് എടുക്കാനാണ് പി സി ജോര്‍ജിന്റെ നീക്കം.
ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ താനും പി സി ജോര്‍ജ്ജും തമ്മില്‍ സംസാരിച്ചത് തന്നെയാണെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. പി സി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചികിത്സയില്‍ ആയിരുന്നത് കൊണ്ടാണ് പി സിജോര്‍ജിനെതിരെ പരാതി നല്കാന് വൈകിയതെന്നും രണ്ടാഴ്ച മുന്‍പ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നുവെന്നും ഇവര്‍ പറയുന്നു.