കൊല്ലം: ചാമക്കടയിലെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 326 ചാക്ക് റേഷനരി പിടികൂടി പോലീസ്. കൊല്ലം ഈസ്റ്റ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാമക്കട കൊച്ചുഹസന്‍ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്ന് റേഷനരി പിടികൂടിയത്.
കുത്തരി വിഭാഗത്തില്‍പെടുന്ന വെള്ള ഉണ്ട, ചുവപ്പ്, വെള്ള അരികളാണ് ഗോഡൗണില്‍ നിന്നും കണ്ടെത്തിയത്. റേഷന്‍ വിതരണത്തിന് എത്തിക്കുന്ന ചണച്ചാക്ക് ഒഴിവാക്കി പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അരി. ഒരാഴ്ച മുമ്ബ് സമാന രീതിയില്‍ ആനേഴത്ത് മുക്ക് മണലില്‍ ക്ഷേത്രത്തിന് സമീപം സ്വകാര്യ കെട്ടിടത്തില്‍ നിന്ന് 292 ചാക്ക് റേഷനരി പിടികൂടിയിരുന്നു.
ഈസ്റ്റ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ റിഞ്ചു, സുജി, രജനി, ബിനി, പ്രസാദ്, ഉല്ലാസ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റേഷനരി എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അവശ്യ സേവന നിയമപ്രകാരം ഗോഡൗണ്‍ ഉടമയ്ക്കെതിരെ കേസെടുത്തു.