ന്യൂഡെല്‍ഹി: ദുബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കംപനിയായ ഇഅമാര്‍ (Emaar) പ്രോപര്‍ടീസ് ഗ്രൂപ് സിഇഒ അമിത് ജെയിനിനെ വെള്ളിയാഴ്ച ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (IGIA) കുറച്ചുനേരം തടഞ്ഞുവച്ചു.
ചോദ്യം ചെയ്യലിന് ശേഷം ജെയിനെ വിട്ടയച്ചതായി കംപനി പ്രസ്താവനയിറക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണം ഇഅമാര്‍ പ്രോപര്ടീസിനായിരുന്നു.
ദുബൈയില്‍ നിന്ന് ഇകെ-516 എന്ന വിമാനം വഴി ഐജിഐ വിമാനത്താവളത്തിലെത്തിയ അമിത് ജെയിനെ ഇമിഗ്രേഷന്‍ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്ന് പഞ്ചാബ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അമിത് ജെയിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഹ്രസ്വ ആശയവിനിമയം നടത്തിയതായി ഇഅമാര്‍ ഇന്‍ഡ്യ വക്താവ് പറഞ്ഞു.
സ്ഥലം കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ 2019 നവംബറില്‍ പഞ്ചാബ് പൊലീസ് എമാറിനെതിരെ കേസെടുക്കുകയും ലുക് ഔട് സര്കുലര് (എല്‍ഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ എഫ്ഐആറുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പഞ്ചാബ് പൊലീസ് ഇമിഗ്രേഷന്‍ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തടഞ്ഞിവെച്ചതെന്നാണ് വിവരം. 2021 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 15.5 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള കംപാനിയാണ് ഇഅമാര്‍.