കാഞ്ഞങ്ങാട്: മഡിയനില്‍ കുറ്റന്‍ മരം കടപുഴകി. റോഡിനു കുറുകെ വീണു ഒഴിവായത് വന്‍ ദുരന്തം.
വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. മണിക്കൂറുകളോളം റൂട്ടില്‍ ഗതാഗതതടസ്സമുണ്ടായി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ എ. നസറുദ്ദീന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി മരം മുറിച്ചുനീക്കി.
നാല് ചെയിന്‍സോ ഉപയോഗിച്ച് രണ്ടു മണിക്കൂറോളം നീണ്ട പ്രയത്നത്തെ തുടര്‍ന്നാണ് മരം മുറിച്ചത്. സിവില്‍ ഡിഫന്‍സും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും അഗ്നിരക്ഷാ സേനക്കൊപ്പമുണ്ടായിരുന്നു. കൂറ്റന്‍ തടിക്കഷ്ണങ്ങള്‍ ക്രെയിനിന്റെ സഹായത്തോടുകൂടിയാണ് നീക്കിയത്. സ്വകാര്യ ഗ്യാസ് പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെ തുടര്‍ന്ന് വേരറ്റതിനാലാണ് മരം കടപുഴകി വീഴാന്‍ കാരണമെന്ന് കരുതുന്നു.
വാഹന ഗതാഗതം കുറവായ സമയത്തായതിനാല്‍ വലിയ അപകടം ഒഴിവായി. ഹോസ്ദുര്‍ഗ് പൊലീസെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കോട്ടച്ചേരി, മാണിക്കോത്ത് ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. അഗ്നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ കെ.വി. മനോഹരന്, ഓഫിസര്‍മാരായ രാജന് തൈവളപ്പില്‍, ഇ.ടി. മുകേഷ്, എച്ച്.
ഉമേഷ്, അനില്‍കുമാര്‍, അനന്ദു, അനിലേഷ്, ഹോംഗാര്‍ഡ് സന്തോഷ് കുമാര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് പി.പി. പ്രദീപ് കുമാര്‍, സുരേഷ് ബാബു, ഷാലു, അബ്ദുല്‍ സലാം, കെ. രതീഷ് ആംബുലന്‍സ് ഡ്രൈവര്‍മാരായ റിഷാദ്, രോഹിത് നാട്ടുകാരായ നസിം, ജെസിര്‍ എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചു നീക്കി.