ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങളുടെ പേരില്‍ രാജ്യത്ത് വിവിധ വിവാദങ്ങളുണ്ടായിട്ടുണ്ട്. രാജ്യത്തുണ്ടായ അധിക കൊവിഡ് മരണങ്ങളുടെ കണക്ക് ആസ്പദമാക്കി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണല്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ഇതില്‍ പറയുന്നതനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് മരണങ്ങള് ഗണ്യമായി കുറയ്ക്കാന്‍ കൊവിഡ് വാക്സിനേഷന് കഴിഞ്ഞുവെന്നാണ്.
പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയ മുഖ്യ ഗവേഷകന് ലണ്ടനിലെ ഇമ്ബീരിയല്‍ കോളേജിലെ ഒലിവര്‍ വാട്സന്റെ അഭിപ്രായമനുസരിച്ച് ഇന്ത്യയില്‍ വാക്സിനേഷന് വഴി ഏതാണ്ട് 42,10,000 മരണങ്ങളാണ് ഒഴിവാക്കാനായത് എന്നാണ്. ഏകദേശ കണക്ക് നോക്കിയാല്‍ 36,65,000നും 43,70,000നുമിടയില്‍. ദശലക്ഷക്കണക്കിന് ജീവനുകളാണ് വാക്സിനേഷന് മൂലം രക്ഷപ്പെട്ടത്.ഡെല്‍റ്റാ വകഭേദത്തിന്റെ ആഘാതം അനുഭവിച്ച രാജ്യമായ ഇന്ത്യയില്‍ ഇത് വാക്സിനേഷന്റെ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണിക്കുന്നതെന്നും ഒലിവര്‍ വാട്സണ് ചൂണ്ടിക്കാട്ടുന്നു.
ദി ഇക്കണോമിസ്റ്റ്, ലോകാരോഗ്യ സംഘടന എന്നിവര്‍ പുറത്തുവിട്ട ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ കണക്കും സിറോപ്രിവൈലന്‍സ് സര്‍വെ റിപ്പോര്‍ട്ട് ആധാരമാക്കി ഗവേഷകര്‍ തന്നെ തയ്യാറാക്കിയ മരണനിരക്കും അനുസരിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി കണക്കാക്കിയതിന്റെ പത്തിരട്ടി മരണം നടന്നു എന്ന കണക്കില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നു.
ദി ഇക്കണോമിസ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2021 മേയ് വരെ 2.3 ദശലക്ഷം പേര് രോഗം വന്ന് മരിച്ചു. എന്നാല്‍ ലോകാരോഗ്യ സംഘടന കണക്കനുസരിച്ച് ഇത് 4.7 ദശലക്ഷമാണെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് തളളിക്കളഞ്ഞിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം രണ്ട് ലക്ഷംപേരാണ് ഇക്കാലയളവില്‍ മരണമടഞ്ഞത്.
കൊവിഡ് വാക്സിനേഷന് ലോകമാകെ ആരംഭിച്ച ശേഷം ലോകരാജ്യങ്ങളില്‍ മൂന്നില്‍ രണ്ടിടങ്ങളില്‍ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനായി.(66 ശതമാനം ഇടങ്ങളില്‍). വളരെ വേഗം കൊവിഡ് വാക്സിന് ലോകമാകെ നല്കിത്തുടങ്ങിയെങ്കിലും ഡിസംബര്‍ 2020നകം 3.5 മില്യണ്‍ കൊവിഡ് മരണങ്ങള് ലോകമാകെ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വാക്സിന് പുറത്തിറക്കി ഒരുവര്‍ഷത്തിനകം ലോകമാകെ 20 മില്യണ്‍ മരണങ്ങളാണ് തടയാനായത്. കൊവാക്സ് കൊവിഡ് വാക്സിന് വിതരണ ശൃംഖലയില്‍ പെട്ട രാജ്യങ്ങളില്‍ ഇത് 7.5 മില്യണ്‍ ആണ്.
ലോകമാകെ വിവിധ രാജ്യങ്ങളില്‍ വാക്സിനേഷന്റെ ഫലം പഠിക്കാന്‍ 2020 ഡിസംബര്‍ എട്ടിന് 2021 ഡിസംബര്‍ എട്ടിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ റിപ്പോര്‍ട്ട് ഗവേഷകര്‍ തയ്യാറാക്കിയത്. എന്നാല്‍ ചൈനയെ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വലിയ ജനസംഖ്യയും അതിശക്തമായ ലോക്ഡൗണ്‍ നടപടികളുമാണ് ഇതിന് കാരണം.
വാക്സിനേഷന് നടപ്പാക്കിയില്ലെങ്കില്‍ പഠനകാലയളവില്‍ 18.1 ദശലക്ഷം മരണങ്ങളാണ് സംഭവിക്കേണ്ടത്. ഇതില്‍ 14.4 ദശലക്ഷം മരണങ്ങളും തടയാനാന് വാക്സിനേഷന് മൂലം സാധിച്ചു. ആഗോളതലത്തില്‍ 79 ശതമാനം മരണം തടഞ്ഞു. വാക്സിനേഷന് ഇല്ലായിരുന്നെങ്കില്‍ ആകെ സംഭവിക്കാമായിരുന്ന 31.4 ദശലക്ഷം മരണങ്ങളില്‍ 19.8 ദശലക്ഷം മരണങ്ങളും വാക്സിനേഷന് വഴി തടഞ്ഞതായും പഠനം കണ്ടെത്തി.