കണ്ണൂര്‍: വനിതാ ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ പൊലിസ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി.
ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മട്ടന്നൂരിലെ വനിതാ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികള്‍ പോയത്. മട്ടന്നൂര്‍ സി. ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന 17,19 വയസുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഹോസ്റ്റലില്‍ നിന്നും കാണാതായത്. ഉടന്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണമാരംഭിക്കുകയായിരുന്നു.
ഉരുവച്ചാലില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ ബസില്‍ കയറി പോകുന്നതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതു തെറ്റായ വിവരമാണെന്ന് പിന്നീട് മനസിലാവുകയായിരുന്നു. ഇതുതെറ്റായ വിവരമാണെന്ന് മനസിലാക്കിയ പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ പൊലിസ് ഹോസ്റ്റലിന് സമീപത്തെ ബസ് വെയിറ്റിങ് ഷെല്‍ട്ടറിന് പുറകില്‍ പെണ്‍കുട്ടികളെ ഒളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹോസ്റ്റലിലെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ വീട്ടിലേക്ക് പോകാനാണ്ഇറങ്ങിയതെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ ചുറ്റുമതില്‍ ചാടിക്കടന്നാണ് പെണ്‍കുട്ടികള്‍ റോഡിലിറങ്ങിയതെന്നു പൊലിസ് അറിയിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ അതുവഴി പോകുന്ന ബൈക്ക് യാത്രികനില്‍ നിന്നും ഫോണ്‍വാങ്ങി സ്വന്തം വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതായി പൊലിസ് പറഞ്ഞു.
വിവിധ കേസുകളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന ഹോസ്റ്റലാണിത്. ഹോസ്റ്റലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.