കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ദിഖിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിന്റെ മൊഴിയെടുത്തത്.
ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പ്രോസിക്യൂഷന് സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.