ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാള്‍. പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷേമം ആഗ്രഹിക്കുന്നവരും തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് ഈ ദിവസം രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് യുവ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ അഗ്നി പഥ് പദ്ധതിക്കെതിരെ തെരുവില്‍ പോരാടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന.
രാജ്യത്തെ സാഹചര്യം നാം മനസിലാക്കണം. കോടിക്കണക്കിന് യുവ ജനങ്ങള്‍ ദുഃഖത്തിലാണ്. നാം അവരുടെ വേദനയില്‍ പങ്കാളിയാകണം. അവരുടെയും കുടുംബത്തിന്റെയും ദുഃഖം മനസിലാക്കുകയും ഒപ്പം നില്‍ക്കുകയും വേണം – രാഹുല്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് അഗ്നിപഥിനെതിരെ രൂക്ഷമായ തെരുവ് യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ അഭ്യര്‍ഥന വന്നത്. ജൂണ്‍ 14നാണ് കേന്ദ്ര സര്‍ക്കാര്‍ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തെ മാത്രം സൈനിക സേവനത്തിനുള്ള പദ്ധതി പ്രഖ്യാപിച്ച് രണ്ടാം ദിവസം മുതലാണ് പ്രതിഷേധം തുടങ്ങിയത്. ബിഹാറിലായിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് തെക്കേ ഇന്ത്യവരെ പ്രതിഷേധം വ്യാപിച്ചു.
പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ, ഈ പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.