ശ്രീകൃഷ്ണപുരം (പാലക്കാട്):തെരുവുനായ്ക്കളെ കൊല്ലുന്നതിനുവേണ്ടി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ തട്ടി ഒരാള്‍ ഷോക്കേറ്റ് മരിച്ചു.
കുറുവട്ടൂര് ഇടുപടിക്കല്‍ സഹജന് (54) ആണു മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തില്‍ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടുവളപ്പില്‍നിന്നാണ് സഹജന് ഷോക്കേറ്റത്.തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരേ വളപ്പിലെ വീടുകളിലാണു സഹജനും സഹോദരന്മാരും താമസിക്കുന്നത്.തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാര് വീട്ടുവളപ്പില്‍ ഒരുക്കിയ കെണിയില്‍പെട്ടാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എം.ബിനീഷ് പറഞ്ഞു.
സമീപത്തെ വൈദ്യുതി ലൈനില്‍നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്.ഇന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി.