കൊച്ചി: സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുടെ പകര്‍ക്ക് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി കോടതി തള്ളി.
രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴി നല്കാന് സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു. സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകര്‍പ്പ് ലഭിക്കുവാന്‍ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. കേസിലെ അന്വേഷണത്തിനായി രഹസ്യമൊഴിയുടെ പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
സര്‍ക്കാറിലെ ചിലരുടെ അറിവോടെ തന്നെയാണ് സരിത നീക്കവുമായി രംഗത്തുള്ളത് എന്ന ആരോപണവും ഉയരുന്നുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയില്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്ക് എതിരായ കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സ്വപ്ന നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടിരിക്കുന്നത്.
സരിതയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാറും സിപിഎമ്മും ആണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമര്‍ശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീല്‍ നല്കിയ പരാതിയില്‍ സരിതയുടെ ആരോപണങ്ങള്‍ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്്വപ്നയെ നേരിടാന്‍ സരിതയെ സര്‍ക്കാര്‍ കളത്തിലറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.
ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നാണ് ഇക്കാര്യത്തില്‍ സ്വപ്നയും വാദിച്ചിരിക്കുന്നത്. ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന് നേരത്തെ വ്യക്തമക്കിയിരുന്നു.